This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന പച്ചക്കറി-പഴം വികസന കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന പച്ചക്കറി-പഴം വികസന കൗണ്‍സില്‍

പച്ചക്കറി-പഴം വികസന കൗണ്‍സിലിന്റെ ഒരു നേഴ്സറി

സംസ്ഥാനത്തെ പഴം-പച്ചക്കറി ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വികസനവും ലക്ഷ്യമാക്കി രൂപീകരിച്ച സ്വയംഭരണ സ്ഥാപനം. സംസ്ഥാനത്തെ പഴം-പച്ചക്കറി കര്‍ഷകര്‍ക്ക് സ്ഥായിയായതും ലാഭകരവുമായ സ്ഥിരവരുമാനം ഉറപ്പാക്കുക, ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ പ്രവര്‍ത്തനലക്ഷ്യം. കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തുടര്‍സംവിധാനമായ വി.എഫ്.പി.സി.കെ., 2001-ല്‍ ആണ് രൂപീകൃതമായത്. കര്‍ഷകര്‍ക്ക് മുഖ്യ പങ്കാളിത്തമുള്ള (50 ശ.മാ.) ഈ കമ്പനിയില്‍ ഗവണ്‍മെന്റിനും ധനകാര്യസ്ഥാപനങ്ങള്‍ക്കും യഥാക്രമം 30, 20 ശ.മാ. എന്നിങ്ങനെ ഷെയറുകള്‍ ഉണ്ട്. കൃഷിമന്ത്രി ചെയര്‍മാനായ 11 അംഗ ഭരണസമിതിക്കാണ് കൗണ്‍സിലിന്റെ ഭരണ നിര്‍വഹണച്ചുമതല. 15 മുതല്‍ 20 വരെ കര്‍ഷകര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങളാണ് വി.എപ്.പി.സി.കെ.യുടെ അടിസ്ഥാനഘടകം. സംഘാംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍, സംസ്ഥാനത്തെ കര്‍ഷക സമിതി കേന്ദ്രങ്ങള്‍ വഴി വിപണനം ചെയ്യുന്നു. 8543 സ്വാശ്രയസംഘങ്ങളിലായി ഒന്നേമുക്കാല്‍ ലക്ഷത്തോളം പഴം/പച്ചക്കറിക്കര്‍ഷകര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തുകളും സാങ്കേതിക സഹായവും നല്‍കുന്ന കൗണ്‍സില്‍ കാര്‍ഷികവിളകള്‍ക്കും കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷകളും വായ്പകളും നല്‍കിവരുന്നു. 2012-13 സാമ്പത്തികവര്‍ഷം 222 കോടി രൂപ വിലമതിക്കുന്ന 1,01,156 ടണ്‍ ഉത്പന്നങ്ങള്‍ വി.എഫ്.പി.സി.കെ. വിപണനം ചെയ്തു. 2013-ല്‍ നടപ്പിലാക്കിയ 'സ്കൂളുകളില്‍ ഒരു കൃഷിത്തോട്ടം' എന്ന പദ്ധതിയില്‍ 762 സ്കൂള്‍ അംഗങ്ങളായി. 'നഗരങ്ങളില്‍ കാര്‍ഷിക വിപ്ലവം' എന്ന ലക്ഷ്യത്തോടെ കൊച്ചി കോര്‍പ്പറേഷനില്‍ നടപ്പിലാക്കിയ ഹരിതനഗരി എന്ന പദ്ധതി ജനശ്രദ്ധയാകര്‍ഷിച്ചു. സസ്യ എന്ന പച്ചക്കറി ചില്ലറവില്പനശാലകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും കൗണ്‍സില്‍ ആവിഷ്കരിച്ചിട്ടുണ്ട്. വി.എഫ്.പി.സി.കെ. പ്രസിദ്ധീകരിക്കുന്ന ദ്വൈമാസികയാണ് കൃഷിയങ്കണം. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും കമ്പോള വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി കൗണ്‍സിലിന്റെ കീഴില്‍ വിപണിവിവരകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ കാക്കനാടാണ് വി.എഫ്.പി.സി.കെ.യുടെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍